സ്വര്‍ണക്കടത്ത് പ്രതികളായ സ്ത്രീകളെ പൊലീസുകാര്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കി: പിവി അന്‍വര്‍

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി

സംസ്ഥാനത്തെ ക്രമസമാധാന ചുമതയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അന്‍വര്‍ എംഎല്‍എയുടെ ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനു മുന്‍പാകെ അന്‍വര്‍ മൊഴി നല്‍കിയത്.
സ്വര്‍ണക്കടത്തില്‍ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാര്‍ ലൈംഗികമായി ഉപയോ?ഗിച്ചു എന്നാണ് അന്‍വറിന്റെ പുതിയ ആരോപണം. ഉന്നത ഉദ്യോഗസ്ഥരും ഡാന്‍സാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ കാരിയര്‍മാര്‍മായ സ്ത്രീകള്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ വേട്ടനായ്ക്കളെ പോലെ പിന്തുടര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥര്‍. ലൈംഗികമായി ചൂഷണം ചെയ്തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു-അന്‍വര്‍ വിശദമാക്കി.
ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകള്‍ പരാതി നല്‍കാന്‍ ഭയപ്പെടുകയാണെന്നും അതിനവര്‍ മുന്നോട്ടുവന്നാല്‍ താനും സര്‍ക്കാരും പൂര്‍ണസംരക്ഷണം നല്‍കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പത്ത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അന്‍വര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകള്‍ നല്‍കിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകള്‍ പൊലീസിനല്ല, പാര്‍ട്ടിക്കാണു നല്‍കേണ്ടതെന്നായിരുന്നു മറുപടി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അന്‍വര്‍ ആവര്‍ത്തിച്ചതെന്നാണു സൂചന. സ്വര്‍ണക്കടത്തിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ കൈമാറി. 78 കിലോഗ്രാം സ്വര്‍ണം പിടിച്ചതിനു ശേഷം കോടതിയില്‍ 147 ഗ്രാം സ്വര്‍ണം മാത്രം ഹാജരാക്കിയതിന്റെ തെളിവാണിതെന്ന് അന്‍വര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ ക്രമക്കേട് കാണിച്ചുവെന്നതുള്‍പ്പെടെ മുന്‍ എസ്പി എസ്.സുജിത് ദാസിനെതിരെ പുതിയ ആരോപണങ്ങളും മൊഴിയെടുപ്പിനു ശേഷം അന്‍വര്‍ മാധ്യമങ്ങളോട് ഉന്നയിച്ചു. ഒന്നാം ഘട്ടമാണു പൂര്‍ത്തിയായതെന്നും രണ്ടാംഘട്ട മൊഴിയെടുപ്പില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *