യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; റഷ്യയിൽ കുടുങ്ങിയവരുടെ മോചനത്തിനായി ഇടപെട്ട് സുരേഷ് ഗോപി

തിരുവനന്തപുരം: യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്. റഷ്യയിൽ കുടുങ്ങിയവരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. റഷ്യയിൽ കുടുങ്ങിയ തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായി അധികാരികളുമായി ഇടപെട്ടു. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ ലഭിച്ചത്. ഇന്നലെ തന്നെ എംബസ്സിക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂർ കുറാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പിന്നെയാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ഇരുവരുടെയും വീട്ടുകാരുടെ അപേക്ഷ.
നാല് മാസമായി മന്ത്രിമാർക്കും എംപിമാർക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നൽകുന്നു. നോർക്കയുമായി ബന്ധപ്പെട്ടപ്പോൾ അവർ നിസ്സഹായരാണെന്നാണ് പറയുന്നത്. വരും, വിഷമിക്കരുത് എന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കൾ പറയുന്നു. ‘ഇനി വിളിക്കാൻ പറ്റില്ല അമ്മേ, റെയ്ഞ്ച് കിട്ടുമെന്ന് തോന്നുന്നില്ല’ എന്നാണ് ഒടുവിൽ പറഞ്ഞതെന്ന് അമ്മ പറയുന്നു. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.
അതേസമയം, റഷ്യയിലേക്ക് യുദ്ധത്തിനായി മനുഷ്യക്കടത്ത് സങ്കീർണ്ണമായ പ്രശ്നമാണെന്ന് നോർക്ക സിഇഒ അജിത് കൊളാശ്ശേരി പറഞ്ഞു. ഇക്കാര്യത്തിൽ റഷ്യൻ എംബസ്സിയുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. തൃശൂരിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നോർക്ക സിഇഓ പ്രതികരിച്ചു.