പാലക്കാട് സി.പി.എം വിമതരെയും കൂടെ കൂട്ടാൻ കോൺഗ്രസ്

പാലക്കാട്: ബി.ജെ.പിയിൽ നിന്നും സന്ദീപ് വാര്യരെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞ നേട്ടത്തിൽ, ഇടഞ്ഞ് നിൽക്കുന്ന വിമത നേതാക്കളെയും പാർട്ടിയിലെത്തിക്കാൻ നീക്കവുമായി കോൺഗ്രസ്. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ രഹസ്യ ചർച്ചയും നടന്നതായി സൂചനയുണ്ട്. വിമതരെ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയർത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സി.പി.എം നേതാക്കളെയടക്കമുള്ള പ്രവർത്തകരെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊഴിഞ്ഞാംപാറ പഞ്ചായത്ത് പ്രസിഡന്റും വിമത നേതാവുമായ സതീഷുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രഹസ്യ ചർച്ച നടത്തിയെന്നാണ് വിവരം.
പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച വിമത നേതാക്കളും നിഷേധിക്കുന്നില്ല. സി.പി.എം നടപടിക്ക് ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂവെന്നാണ് സതീഷിന്റെ നിലപാട്. പാർട്ടി നടപടിയുണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റായതിനാൽ രാജിവെച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് സാധ്യത. ഇതുവഴി കൂറുമാറ്റ നിരോധനമുൾപ്പെടെ നടപടികൾ ഒഴിവാക്കുന്നതാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക സി.പി.എം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചിൽ 28 ഉം വിമതർക്കൊപ്പമാണ്. ഇവരെ പൂർണമായും കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് ശ്രമം.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തിൽ 2015ൽ നഷ്ടമായ ഭരണം സി.പി.എം വിമതരെ കൂടെക്കൂട്ടുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം, പാർട്ടിയോട് അകന്ന് നിൽക്കുന്നവരെ ചേർത്ത് നിറുത്താൻ ഇതുവരെയും പാർട്ടി നേതൃത്വത്തിൽ നിന്നും ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.