ബേബിയിൽ ആകാംക്ഷ ബിഗ്; കേന്ദ്രകമ്മിറ്റിയിലും പിബിയിലും വലിയ മാറ്റങ്ങൾക്ക് സാധ്യത

മധുര ∙ ആരാകും പുതിയ ജനറൽ സെക്രട്ടറി എന്ന ചോദ്യത്തിൽ കേന്ദ്രീകരിക്കുകയാണ് സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ്. എം.എ.ബേബി ആകാനുള്ള സാധ്യത ശക്തമായതിനാൽ കേരള ഘടകം വർധിച്ച ആകാംക്ഷയിലും. ഉദ്ഘാടന വേദിയിൽ മുൻനിരയിൽ പിണറായി വിജയനു തൊട്ടടുത്തായിരുന്നു ബേബി. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ത്രിപുര മുൻമുഖ്യമന്ത്രി മണിക് സർക്കാരാണ്. പ്രസീഡിയത്തിന് നേതൃത്വം കൊടുക്കുന്നതും അദ്ദേഹം തന്നെ. മണിക്കിന് പക്ഷേ 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടു.
കേന്ദ്രകമ്മിറ്റിയിൽ ഏറ്റവും സീനിയറായ നേതാക്കളിൽ ഒരാളെന്നതും ശക്തമായ കേരളഘടകത്തിൽ നിന്നുള്ള നേതാവ് എന്നതും ബേബിക്ക് അനുകൂല ഘടകങ്ങളാണ്. ജനറൽ സെക്രട്ടറിയാകുമെന്ന പ്രചാരണം ബേബി നിഷേധിക്കുകയാണെങ്കിലും പാർട്ടി കേന്ദ്രനേതൃത്വത്തിലെ വലിയ വിഭാഗം നേതാക്കൾ അദ്ദേഹത്തിനു സാധ്യത കൽപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൂടി ലഭിച്ചാൽ ബേബിക്കു തന്നെയാകും ആദ്യ പരിഗണന.
ആന്ധ്രയിൽ നിന്നുള്ള ബി.വി.രാഘവലുവിന്റെ പേരും ശക്തമായി ഉയർന്നിട്ടുണ്ട്. പ്രായപരിധിയിൽ ഇളവ് നൽകി വൃന്ദ കാരാട്ടിനെ ജനറൽ സെക്രട്ടറി ആക്കുമെന്ന പ്രചാരണം നേതാക്കൾ നിഷേധിക്കുകയാണ്. 75 കഴിഞ്ഞതിനാൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി.രാമകൃഷ്ണൻ എന്നീ 6 പേർ പിബിയിൽ നിന്നു മാറുന്നതിനാൽ ഉന്നത നേതൃത്വത്തിൽ വൻ അഴിച്ചു പണിയാണ് വരുന്നത്. അനുഭവ സമ്പത്തുള്ള വലിയ നിര നേതാക്കൾ ഒറ്റയടിക്ക് മാറുന്നത് ഒഴിവാക്കാനായി അനിവാര്യരായ ഏതാനും പേരെ നിലനിർത്തണമെന്ന വാദവും പാർട്ടി കോൺഗ്രസിന് മുന്നിലുണ്ടാകും.
ബേബി ജനറൽ സെക്രട്ടറി ആയാൽ കേരളത്തിൽനിന്ന് ഒരാൾ കൂടി പിബിയിലേക്ക് വരുമെന്ന അഭ്യൂഹമുണ്ട്. ഇ.പി.ജയരാജന്റെയും കെ.കെ.ശൈലജയുടെയും പേര് ഉയർന്നിട്ടുണ്ടെങ്കിലും ഇവരിൽ ആരു വന്നാലും കണ്ണൂരിൽ നിന്നുള്ള പിബി അംഗങ്ങളുടെ എണ്ണം 3 ആകും. അതേസമയം, പിബിയിലെ 2 വനിതാ അംഗങ്ങളും ഒഴിവാകുന്നത് ശൈലജയ്ക്കു സാധ്യതയായേക്കാം. കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള 3 ഒഴിവുകൾ നികത്തുമ്പോൾ പരിഗണനാ പട്ടികയിൽ നേതാക്കളുടെ നിരയുണ്ട്. എ.കെ.ബാലന്റെ ഒഴിവിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് പി.കെ.ബിജുവിന് സാധ്യതയുണ്ട്. പി.കെ.ശ്രീമതിക്ക് പകരം ജെ.മേഴ്സിക്കുട്ടിയമ്മയോ ടി.എൻ.സീമയോ വരാം. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്