എംഎം മണിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഇടുക്കി: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന സി.പി.എം നേതാവും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കിയിട്ടുണ്ട്. രണ്ടുദിവസം കൂടി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരും. ഇതിനുശേഷമായിരിക്കും ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുക എന്ന് ഡോക്ടർമാർ അറിയിച്ചതായി എംഎം മണിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

മധുരയിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിനിടെ ഇന്നലെയാണ് എൺപതുകാരനായ എം.എം. മണിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തിയിരുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന മണി നിലവിൽ പാർട്ടിയുടെ സംസ്ഥാനസമതി അംഗമാണ്.

അദ്ദേഹത്തിന് നേരത്തേയും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 1985ലായിരുന്നു മണി ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്നത്. പിന്നീട് എട്ടുതവണ ഇടുക്കി ജില്ലാസെക്രട്ടറിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം സിപിഎം ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയും മണിയാണ്. ജില്ലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *