ആശാവര്‍ക്കര്‍മാരുടെ സമരം, നിലപാട് മയപ്പെടുത്തി ഐഎന്‍ടിയുസി;

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നിലപാട് മയപ്പെടുത്തി ഐഎന്‍ടിയുസി. സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് നിലപാട് തിരുത്തി. കെപിസിസി നേതൃത്വത്തിന്റെ താക്കീതിന് ശേഷമാണ് ആര് ചന്ദ്രശേഖരന്റെ മലക്കം മറിച്ചില്‍.
ഇന്നലെ കെപിസിസി ഓഫീസില്‍ നേരിട്ട് എത്തി വിശദീകരണം നല്കിയ ശേഷമാണ് ആര്. ചന്ദ്രശേഖരന്റെ നിലപാട് തിരുത്തല്‍. സമരത്തിനോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് ഉള്ളതെന്ന് ആര്. ചന്ദ്രശേഖരന് ട്വന്റി ഫോറിനോട് പറഞ്ഞു. സമര നേതാവ് എസ്. മിനി തന്നെ ലക്ഷ്യംവെക്കുന്നത് എന്തിനെന്നറിയില്ലെന്നും ആര് ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷന്‍ വിശദീകരണം ചോദിച്ചു എന്ന വാര്‍ത്തയും ആര് ചന്ദ്രശേഖരന് നിഷേധിച്ചു.
സമരത്തിനെതിരായ പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനല്‍കുമെന്ന് ആര്.ചന്ദ്രശേഖരന് കെപിസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരത്തെ വീണ്ടും ആക്ഷേപിച്ചാല്‍ ആര്. ചന്ദ്രശേഖരനെതിരെ നടപടി ഉള്‍പ്പെടെ നേതൃത്വം ആലോചിക്കുന്നുണ്ട്. ആശാ വര്‍ക്കേഴ്സിന്റെ രാപ്പകല്‍ സമരം ഇന്ന് 56 -ാം ദിവസത്തിലേക്കും നിരാഹാര സമരം 18-ാം ദിനത്തിലേക്കും കടന്നു.