തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം നാളെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകന്‍. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഒമ്പത് നില കെട്ടിടത്തിന്റെ കവാടം മുതല്‍ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകള്‍ ഇതുവരെ മാധ്യമങ്ങള്‍ക്ക് പകര്‍ത്താന്‍ അനുവാദം നല്‍കിയിട്ടില്ല.
പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകള്‍ പാര്‍ട്ടി പരസ്യമാക്കിയിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും പുതിയ എകെജി സെന്ററില്‍ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുറികളുണ്ട്. പാര്‍ട്ടി യോഗങ്ങള്‍ക്കും പ്രത്യേക കൂടിക്കാഴിച്ചകള്‍ക്കുമൊക്കെ വിപുലമായ സൗകര്യങ്ങള്‍ പുതിയ പാര്‍ട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.
കോടിയേരി ബാലകൃഷ്ണന്‍ മുന്‍കയ്യെടുത്ത് വാങിയ 36 സെന്റില്‍ പടുത്തുയര്‍ത്തിയ കെട്ടിടത്തിലേക്കാണ് പാര്‍ട്ടി ആസ്ഥാനം മാറുന്നത്. കോണ്‍ഗ്രസിന് മുന്‍പെ ഉദ്ഘാടനകനാരെന്ന് പ്രഖ്യാപിച്ചത് കൊണ്ടു തന്നെ പുതിയ ജനറല്‍ സെക്രട്ടറിക്കും ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ ക്ലെയിമില്ലാതെയായി. രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പാര്‍ട്ടി ആസ്ഥാനം നാളെ തുറന്ന് കൊടുക്കും. തുടര്‍ന്ന് എകെജി ഹാളില്‍ പൊതു സമ്മേളനം നടക്കും. പുതിയ ആസ്ഥാനം വരുന്നതോടെ പഴയ എകെജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രമാകും.