പി കെ ശ്രീമതിക്ക് പാർട്ടി വിലക്കില്ല, ആവശ്യമുള്ളപ്പോൾ അവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും: ജനറൽ സെക്രട്ടറി എം എ ബേബി

തിരുവനന്തപുരം: പി.കെ. ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത് പാർട്ടിയാണെന്ന എം.വി. ഗോവിന്ദന്റെ നിലപാട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളി. ആവശ്യമുള്ളപ്പോൾ പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്ന് എം.എ. ബേബി പറഞ്ഞു. പി.കെ. ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി.കെ. ശ്രീമതി പങ്കെടുക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.

പി.കെ. ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കിയത് പാർട്ടിയുടെ സംഘടനാ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ‘പാർട്ടി കമ്മിറ്റികളിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയല്ല. പി.കെ. ശ്രീമതി സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ്സ് കഴിഞ്ഞതിനാൽ അവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കി.

വിരമിച്ചു എന്ന് പറയാനാവില്ല. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റായി അവർ പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ പ്രത്യേക പരിഗണനയോടെയാണ് അവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനല്ല, മറിച്ച് അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കാനാണ് ഒരാളെ കേന്ദ്ര കമ്മിറ്റിയിലേക്ക് കൊണ്ടുപോകുന്നത്,’ ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *