ഓപ്പറേഷന്‍ സിന്ദൂര്‍: സാഹചര്യം വിലയിരുത്തി രാജ്‌നാഥ് സിംഗ്

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് ശേഷമുള്ള സാഹചര്യം 3 സേനാ മേധാവിമാരുമായി വിലയിരുത്തി. 11 മണിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതല്‍ കേന്ദ്ര സേനയെ ദില്ലിയില്‍ വിന്യസിച്ചു. ദില്ലിയിലെ ലാല്‍ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗര്‍, ജമ്മു, ധരംശാല, അമൃത്സര്‍, ലേ, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗര്‍ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ; പാകിസ്താന് കനത്ത തിരിച്ചടി