ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ടനിമിഷം; സുരേഷ് ഗോപി

തൃശൂര്‍: പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയത് തിരിച്ചടിയല്ല, ലോക നീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാകിസ്താന്‍ ഇത് ആവര്‍ത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഡല്‍ഹിയിലേക്ക് അടിയന്തരമായിട്ട് എത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡല്‍ഹിയില്‍നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.

ഈ ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതിനേയും സുരേഷ് ഗോപി പ്രശംസിച്ചു. തൃശൂരില്‍ പൂരം സിന്ദൂരം തൊടുമ്പോള്‍ സേനയുടെ നീക്കം ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ട നിമിഷമാണെന്നാണ് സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *