‘അൻവർ ലക്ഷ്യമിടുന്നത് സതീശനെ, കീഴടങ്ങി ഒത്തുതീർപ്പിനില്ല’; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മുൻ എംഎൽഎ പിവി അൻവർ പരസ്യവിമർശനം തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പും വേണ്ടെന്ന തീരുമാനത്തിലാണ് നേതാക്കൾ.

അൻവർ യുഡിഎഫുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യു‍ഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘അൻവർ മത്സരിക്കുമെന്നതിൽ പേടിയില്ല. അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നൽകി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് അൻവ‍ർ. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്’- അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നാണ് പിവി അൻവ‍റിന്റെ പുതിയ പ്രഖ്യാപനം.

ഇന്നലെ, തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. യുഡിഎഫിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനർജിയെ എത്തിക്കുമെന്നും അൻവര്‍ പറഞ്ഞിരുന്നു.അതേസമയം, അൻവറിന്റെ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ‘ആരോപണങ്ങളൊന്നും വ്യക്തിപരമായി കാണുന്നില്ല. വിജയിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളത്. നിലമ്പൂരിലെ വികസന മുരടിപ്പാണ് പ്രധാന വിഷയം. അത് പ്രചാരണായുധമാക്കി മുന്നോട്ട് പോകും’- ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *