ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് അനുശോചനം; തരൂർ നിരാശ അറിയിച്ചതിന് പിന്നാലെ നിലപാട് മാറ്റാൻ കൊളംബിയ

ബൊഗോറ്റ: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ച നടപടി നിരാശാജനകമെന്ന് ശശി തരൂർ എംപി വ്യക്തമാക്കിയതിന് പിന്നാലെ പ്രസ്‌താവനയിൽ മാറ്റം വരുത്താനൊരുങ്ങി കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സർവകക്ഷി പ്രതിനിധി സംഘം ഇന്ത്യയുടെ നിരാശ അറിയിച്ചതിന് പിന്നാലെയാണ് പ്രസ്‌താവന തിരുത്തി ഇന്ത്യക്ക് പിന്തുണ നൽകാൻ കൊളംബിയ ഒരുങ്ങുന്നതെന്ന് ശശി തരൂർ പറഞ്ഞു.
കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെക്കുറിച്ച് യുഎസിലെ മുൻ അംബാസഡറും ബിജെപി നേതാവുമായ തരംജിത്ത് സിംഗ് സന്ധുവും വ്യക്തമാക്കി. സിംഗും തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. കൊളംബിയയുടെ ആക്‌ടിംഗ് വിദേശകാര്യ മന്ത്രിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തി കൊളംബിയയുടെ ശ്രദ്ധയിൽപ്പെടാത്ത കാര്യങ്ങൾ അവതരിപ്പിച്ചതായും സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ വിശദീകരണത്തിൽ വാസ്തവം എന്താണെന്ന് മനസിലാക്കിയെന്നും ഇന്ത്യയുമായി ചർച്ച തുടരുന്നതിൽ പൂർണ വിശ്വാസമുണ്ടെന്നും കൊളംബിയൻ വിദേശകാര്യ മന്ത്രി സഹമന്ത്രി പറഞ്ഞു.
പനാമ, ഗുയാന എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസമാണ് കൊളംബിയയിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെടുന്നതിനായി 33 രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യ നിയോഗിച്ച ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളിൽ ഒന്നാണ് തരൂരിന്റെ സംഘം. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജി എം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), യുഎസിലെ മുൻ അംബാസഡർ തരംജിത്ത് സിംഗ് സന്ധു എന്നിവരാണ് തരൂരിന്റെ സംഘത്തിലുള്ളത്.
കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപം നിരാശരാണ്. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം, ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിലാണ് സർക്കാർ അനുശോചനം പ്രകടിപ്പിച്ചത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഞങ്ങൾ വിനിയോഗിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് കൊളംബിയയോട് വിശദീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കൊളംബിയ നിരവധി തീവ്രവാദ ആക്രമണങ്ങൾ നേരിട്ടതുപോലെ ഞങ്ങളും നേരിടുകയാണ്. നാല് ദശകത്തോളം ഞങ്ങൾ അനേകം ഭീകരാക്രമണങ്ങളെ നേരിട്ടു.പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളിൽ 81 ശതമാനവും നൽകുന്നത് ചൈനയാണ്. പാകിസ്ഥാന്റെ ഉപകരണങ്ങളിൽ കൂടുതലും പ്രതിരോധത്തിനല്ല, മറിച്ച് ആക്രമണത്തിനാണ് ഉപയോഗിക്കുന്നത്. ഭീകരവാദത്തിനെതിരായാണ് ഞങ്ങൾ വഴക്കിടുന്നത്’- എന്നാണ് തരൂർ വ്യക്തമാക്കിയത്.