വിഴിഞ്ഞത്ത് ആശ്വാസം; കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ തിരികെ കരയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ എട്ടുപേരെയും കണ്ടെത്തിയിരിക്കുകയാണ്. വിഴിഞ്ഞത്ത് ആദ്യമുണ്ടായ ബോട്ടപകടത്തിൽ കാണാതായ സ്റ്റെല്ലൻസ് എന്ന മത്സ്യത്തൊഴിലാളിയെയാണ് ഇനി കണ്ടെത്താനുള്ളത്.

മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുകയായിരുന്ന ബോട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. കുളച്ചൽ തീരത്തുനിന്നാണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. മറിഞ്ഞ ബോട്ടിന് മുകളിലായി കയറി നിൽക്കുകയായിരുന്ന ഇവരെ തമിഴ്‌നാട്ടിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. രാവിലെ രക്ഷപ്പെടുത്തിയ നാലുപേരെ തീരത്ത് എത്തിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കന്യാകുമാരി തീരത്തുനിന്നായിരുന്നു ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ മൂന്ന് വളളങ്ങളിലായാണ് ഒൻപത് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയത്.ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയാവുകയായിരുന്നു. ഇനി കണ്ടെത്താനുള്ളയാൾക്കായി മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *