പഹല്‍ഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു : കേന്ദ്ര ആഭ്യന്തരമന്ത്രി

പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിലുള്‍പ്പെട്ട മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ, ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായ അതേ ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചത്. എ ഗ്രേഡ് ഭീകരരായ സുലൈമാന്‍ എന്ന ആസിഫ്, ജിബ്രാന്‍, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അമിത് ഷാ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഈ മൂന്നു ഭീകരരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ പ്രതിപക്ഷത്തിന് ദുഃഖമാണെന്നും അമിത് ഷാ വിമര്‍ശിച്ചു.

പാകിസ്ഥാനിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇവർ‌ പല ഗ്രാമങ്ങളിലും അഭയം തേടുകയായിരുന്നു. ഭീകരരുടെ കൈയ്യിൽ നിന്നും പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. ഭീകരരെ സഹായിച്ചവർ നേരത്തെ എൻഐഎയുടെ പിടിയിലായിരുന്നു. ഇവർ ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.