രണ്ട് മന്ത്രിമാർ വേണം; കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി

യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാട്ടിയാണ് തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് പാർട്ടി നേതൃത്വം നിർബന്ധം പിടിക്കുന്നത്. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

കോൺഗ്രസിന്റെ ഈ വാഗ്ദാനം അംഗീകരിക്കാൻ കേരള കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സീറ്റുകൾ വിട്ടുനൽകാൻ തങ്ങൾ കാണിച്ച വിട്ടുവീഴ്ചയും വിശാലമനസ്കതയും കോൺഗ്രസ് നേതൃത്വം കണക്കിലെടുക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. റവന്യൂ, ജലസേചനം എന്നീ പ്രധാന വകുപ്പുകൾ വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെങ്കിലും ഇവ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവർ മന്ത്രിമാരായും പി.സി. ജോർജ് ചീഫ് വിപ്പായും ഉണ്ടായിരുന്നു. ഇതേ മാതൃകയിലുള്ള പരിഗണന ഇത്തവണയും വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. രണ്ട് മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് നേതൃത്വം.