പിഎം ശ്രീ; സിപിഐയെ അവഗണിക്കില്ലെന്ന് എംഎ ബേബി

പിഎം ശ്രീയിലെ സിപിഐ വിയോജിപ്പില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. വിഷയത്തില്‍ എല്‍ഡിഎഫ് തീരുമാനം എടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല. നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.
എല്‍ഡിഎഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കില്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി. അതേസമയം പി.എം.ശ്രീ പദ്ധതി സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ സിപിഐയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് രം?ഗത്തെത്തിയിരുന്നു. പദ്ധതിയോടുളള സി.പി.ഐയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് എന്ത് സിപിഐ എന്നായിരുന്നു ഗോവിന്ദന്റെ പുച്ഛം കലര്‍ന്ന പ്രതികരണം.
എന്നാല്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളള ആരും പ്രതികരിച്ചിട്ടില്ല. നാളെ തുടങ്ങുന്ന സി.പി.ഐ നേതൃയോഗങ്ങളില്‍ പി.എം.ശ്രീ വിവാദം ചര്‍ച്ചയാകും. നാളെത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ മന്ത്രിമാരും ആലോചന നടത്തും.എതിര്‍പ്പ് ഉപേക്ഷിച്ച് പദ്ധതിയുടെ പണം വാങ്ങിയെടുക്കണമെന്ന അഭിപ്രായമുളളവര്‍ സി.പി.ഐയുടെ നേതൃനിരയിലുമുണ്ട്.