പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എംപി സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. തന്റെ പ്രസംഗത്തിലുടനീളം 59 തവണ കോൺഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രിയുടെ നടപടി ലജ്ജാകരവും പക്ഷപാതപരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗങ്ങൾ ദേശീയ ഐക്യം ലക്ഷ്യമിട്ടുള്ളതാകണമെന്നും എന്നാൽ മോദി സങ്കുചിതമായ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് പ്രകടിപ്പിച്ചതെന്നും വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

പാർലമെന്റിലെ വോട്ടിംഗ് നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ വിശദീകരണങ്ങൾ സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദവിയുടെ അന്തസ്സിന് ചേരാത്ത രീതിയിലാണ് മോദി പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്-ഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വേണുഗോപാൽ മറുപടി നൽകി. ഇരു പാർട്ടികൾക്കുമിടയിലുള്ളത് ദൃഢമായ ചരിത്രപരമായ ബന്ധമാണെന്നും ആശയപരമായ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ പ്രശ്നങ്ങളിൽ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല പുനർനിർണ്ണയം പോലുള്ള സുപ്രധാന വിഷയങ്ങളിൽ ഈ സഖ്യത്തിന്റെ ഐക്യം ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.