ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്ത്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം.സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്ക്കാത്തിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്.പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.താന്‍ അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിച്ചത് തലേദിവസം രാത്രിയാണെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹംജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാര്‍ ആരോപിക്കുന്നത്. എൻ്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്നും ചിറ്റയം ഗോപകുമാര്‍ ആരോപിക്കുന്നു.
വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന യാതൊരു പരിപാടിയും എംഎല്‍എയായ തന്നെ വിളിച്ച് അറിയിക്കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഈ വിധത്തില്‍ അവഗണിക്കപ്പെട്ടിട്ടില്ല. പരാതികള്‍ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ട് യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോള്‍ തുറന്ന് പറയേണ്ടി വന്നതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു