സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം; ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിച്ചു.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷൂ ഗുപ്തയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഓൺ-സ്ക്രീൻ മാർക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആഭ്യന്തര അന്വേഷണം നടത്താനും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവാദമായ ‘കോംപ്റ്റ്’ എന്ന കമ്പനിക്ക് ഓൺ-സ്ക്രീൻ മാർക്കിംഗ് കരാർ നൽകുന്നതിനായി ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി പുറത്തുവന്ന രേഖകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സിബിഎസ്ഇ നൽകുന്ന റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തിക്കണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.

അതേസമയം, സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് വൈകിയ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഇന്ന് പുലർച്ചെ നാലരയോടെ പ്രവർത്തനം തുടങ്ങി. ആദ്യ പത്ത് മണിക്കൂറിനുള്ളിൽ തന്നെ പതിനാറായിരത്തോളം വിദ്യാർത്ഥികളാണ് ഇതിനകം അപേക്ഷ സമർപ്പിച്ചത്. ഈ മാസം ആറാം തീയതി വരെയാണ് അപേക്ഷിക്കാനുള്ള അവസരം. വെബ്സൈറ്റ് പ്രവർത്തനക്ഷമമായതിന് പിന്നാലെ അട്ടിമറിക്കാൻ സൈബർ ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും സിബിഎസ്ഇ അത് വിജയകരമായി പ്രതിരോധിച്ചു. വിദ്യാർത്ഥികൾ ഡെസ്ക്ടോപ്പോ ലാപ്ടോപ്പോ ഉപയോഗിച്ച് അപേക്ഷ നൽകണമെന്നും, ഇതിനായി ബോർഡ് തയ്യാറാക്കിയ സഹായ വീഡിയോ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.