ശബരിമല സ്വർണക്കൊള്ള വിവാദം: പത്മകുമാറിന്റെ ആരോപണങ്ങൾ തള്ളി എം.വി. ഗോവിന്ദൻ

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നും ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമുള്ള വെളിപ്പെടുത്തലിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയായ മുൻ ദേവസ്വം പ്രസിഡണ്ട് എ പത്മകുമാറിനെതിരെ കടുത്ത നടപടി വന്നേക്കും. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം ആലോചിക്കുന്നതായാണ് വിവരം. സിപിഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേർന്നാകും നിർണായക തീരുമാനമെടുക്കുക. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകൃതമായത് മുതൽ അംഗമാണ് ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവായ മുൻ എംഎൽഎ കൂടിയായ എ പത്മകുമാർ.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പദ്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുക്കാനുള്ള തീരുമാനമെടുത്തത്. സ്വർണ്ണക്കൊള്ള കേസ് സിപിഎമ്മിനെ ആഞ്ഞുകൊത്തിയ കാലത്തെല്ലാം പദ്മകുമാറിനെ ന്യായീകരിക്കുകയായിരുന്നു നേതൃത്വം. നടപടി ഉണ്ടോ എന്ന് ചോദിക്കുന്നവരോടെല്ലാം സംഘടനാ തത്വം വിശദീകരിച്ചായിരുന്നു ന്യായീകരണം.