വിവാദപ്രസംഗകേസില് പി.സി.ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായി പി.സി.ജോര്‍ജിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വരുന്ന വ്യാഴാഴ്ച വരെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നടപടികള്‍ക്ക് ഈ ഉത്തരവുമായി ബന്ധമുണ്ടായിരിക്കില്ല.
പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും കേള്‍ക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് പി.സി. ജോര്‍ജ് കോടതിയില്‍ ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ രാഷ്ട്രീയ പ്രതികാര നടപടിയായാണ് പൊലീസ് വെണ്ണലയിലെ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപിച്ചു.
അതേസമയം വിചാരണക്കോടതിയില്‍ പി.സി. ജോര്‍ജ് ഹാജരാകണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയത്. പ്രതി ഇതേ കുറ്റം ഇനി ആവര്‍ത്തിക്കില്ല എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. കേസ് വ്യാഴാഴ്ചച പരിഗണിക്കുന്നതിനു മാറ്റി വച്ചു കൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.