കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.വി.തോമസ് പാര്‍ട്ടി വിടുന്നു. ഒഴിവുവന്ന രാജ്യസഭാ സീറ്റിന് വേണ്ടി ഇറങ്ങി തിരിച്ച തോമസിനെ കെ.പി.സി.സി നേതൃത്വവും ഒപ്പം എ.ഐ സി.സിയും കൈവിട്ടു. എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ തനിക്ക് പി.ടി. തോമസിന്റെ നിര്യാണത്തോടെ ഒഴിവു വന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം വേണമെന്ന കെ.വി.തോമസിന്റെ അപേക്ഷയും കോണ്‍ഗ്രസ് നേതൃത്വം തള്ളി.
ഇതോടെ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം അണിയറ നീക്കം തുടങ്ങി.
കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്ന ഏക രാജ്യസഭാ സീറ്റിനായി രംഗത്തുള്ള കോണ്‍ഗ്രസ് നേതാവ് ഈ സീറ്റ് കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്ത് ചേക്കേറാനാണ് ശ്രമിക്കുന്നത്. ഇടതുപഷത്തേക്ക് വന്നാല്‍ ഇദ്ദേഹത്തെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പില്‍ തോറ്റാലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന് ഓഫറുണ്ട്.നിലവില്‍ യുഡിഎഫില്‍ രാജ്യസഭാ സീറ്റിനായും ഇടതുമുന്നണിയില്‍ തൃക്കാക്കര സീറ്റിനായും ഒരേപോലെ തന്ത്രങ്ങള്‍ മെനയുകയാണ് കെ.വി.തോമസ് .
നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പദവിയും സ്ഥാനമാനങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ പരസ്യമായി പാര്‍ട്ടിയെ തള്ളിപ്പറയുകയും പാര്‍ട്ടി വിടുമെന്ന സൂചന നല്‍കുകയും ചെയ്തയാളാണ് തോമസ്.തൃക്കാക്കരയില്‍ ഇടതുപക്ഷം സിപിഎം സെക്രട്ടറിയേറ്റംഗം എം. സ്വരാജിനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ തവണ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിയമസഭാംഗമെന്ന നിലയില്‍ മികവു തെളിയിച്ച നേതാവാണ് സ്വരാജ്. ഇദ്ദേഹത്തിലൂടെ തൃക്കാക്കര പിടിക്കണം എന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി തോമസിന്റ അണിയറ നീക്കം.