രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും

തിരുവനന്തപുരം : ഇടതുമുന്നണിയ്ക്കു വിജയസാധ്യതയുള്ള രണ്ടു രാജ്യസഭ സീറ്റുകള്‍ സിപിഎമ്മിനും സിപിഎയ്ക്കും നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചു. എന്‍സിപിയും എല്‍ജെഡിയും സീറ്റ് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ചയ്ക്കു പോലും സിപിഎം തയ്യറായില്ല. ഒഴിവുള്ള രണ്ടു സീറ്റുകളിലേയ്ക്കു സിപിഎമ്മും സിപിഐയും മത്സരിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു യോഗത്തെ അറിയിച്ചത്. എതിര്‍പ്പുകളൊന്നുമില്ലാതെ കോടിയേരിയുടെ നിര്‍ദേശം ഇടതുമുന്നണി യോഗം അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണു ഒരു രാജ്യസഭ സീറ്റ് സിപിഐയ്ക്കു നല്‍കാനുള്ള തീരുമാനമുണ്ടായത്. ലോകായുക്ത നിയമ ഭേദഗതിയിലടക്കം അഭിപ്രായ വ്യത്യാസമുള്ള സിപിഐയെ തണുപ്പിക്കുന്നതിനു വേണ്ടി കൂടിയാണു രാജ്യസഭ സീറ്റു നല്‍കാന്‍ സിപിഎം തയ്യാറായത്. നേരത്തേ രണ്ടു സീറ്റുകളിലും മത്സരിക്കാനായിരുന്നു സിപിഎം ധാരണയെടുത്തിരുന്നത്. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനോടു സീറ്റു തങ്ങള്‍ക്കു വേണമെന്നു ആവശ്യപ്പെട്ടതിനു ശേഷമാണു സിപിഎം പുനരാലോചന നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐയ്ക്കു സീറ്റു നല്‍കുന്നതിനെ എതിര്‍ത്തില്ല. നിലവിലെ സീറ്റ് തങ്ങള്‍ക്കു നല്‍കണമെന്ന് എല്‍ജെഡി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നിര്‍വാഹമില്ലെന്നു സിപിഎം നേരത്തേ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്‍ജെഡിയ്ക്കു പോലും ലഭിക്കാത്ത സീറ്റില്‍ അവകാശവാദം ഉന്നയിച്ചതുകൊണ്ടു കാര്യമില്ലെന്നു കണ്ടാണു മറ്റു പാര്‍ട്ടികളും ഇടതുമുന്നണി യോഗത്തില്‍ നിശബ്ദരായത്.

സിപിഐ രാജ്യസഭ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാറിനെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ രാവിലെ സിപിഐ എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ സിപിഎമ്മില്‍ നിന്നും ഉറപ്പു ലഭിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി യോഗത്തിനു ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എക്‌സിക്യൂട്ടീവിലും ധാരണയെടുത്തിരുന്നു. തുടര്‍ന്നാണു വൈകുന്നേരം വീണ്ടും യോഗം ചേര്‍ന്നു സന്തോഷ്‌കുമാറിന്റെ സ്ഥാനാര്‍ഥിത്വം സിപിഐ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *