സർക്കാർ ജീവനക്കാരുടെ രോഷം തണുപ്പിക്കാൻ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ രോഷം തണുപ്പിക്കാൻ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കും.2024 ജൂലൈ 1 മുതൽ പ്രാബല്യം ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് ഇതുവരെ കമ്മീഷനെ പോലും നിയമിക്കാത്തതും ക്ഷാമബത്ത അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ 3 വർഷമായി ലഭിക്കാത്തതും ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരെ തിരിയാൻ കാരണമായി എന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

പോസ്റ്റൽ വോട്ടിൽ പിന്നോക്കം പോയതിൻ്റെ കാരണവും മറ്റൊന്നല്ല. ശമ്പള പരിഷ്കരണ റിപ്പോർട്ട് ലഭിച്ച് അത് നടപ്പാക്കുന്ന മുറക്കേ സാമ്പത്തിക ബാധ്യത വരൂ എന്നതിനാൽ ഖജനാവിന് ക്ഷീണം ഉണ്ടാകുന്നുമില്ല. സർക്കാരിൻ്റെ കാലാവധി കഴിയുന്നതിന് തൊട്ട് മുൻപ് നടപ്പിലാക്കിയാൽ അടുത്ത സർക്കാരിൻ്റെ ബാധ്യതയായി മാറും. ഒന്നാം പിണറായി സർക്കാർ 2021 ഫെബ്രുവരിയോടെയാണ് ശമ്പള പരിഷ്കരണം നടത്തിയത്.

അതേ മാതൃകയിൽ 2026 ഫെബ്രുവരിയിൽ ശമ്പള പരിഷ്കരണം നടത്താനാണ് നീക്കം. 5 വർഷം കൂടുമ്പോഴുള്ള ശമ്പളം പരിഷ്കരണം നടപ്പാക്കി എന്ന് സർക്കാരിന് ഇതിലൂടെ അവകാശപ്പെടാം. ശമ്പളത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടക്കും. സംഘടിത വിഭാഗക്കാരായ ജീവനക്കാരേയും പെൻഷൻകാരേയും ഇതിലൂടെ കൂടെ നിർത്താം എന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *