ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ

ന്യൂഡല്‍ഹി :ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ കോണ്‍ഗ്രസിലും സി പി എമ്മിലും പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്ലക്കുട്ടി 2019ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ അബ്ദുല്ലക്കുട്ടി ഉള്‍പ്പെട്ടത്.അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി, അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. 2009 -ല്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2009-ലും 2011-ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് നിയമസഭയില്‍ അംഗമായി. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.
1967 മേയ് 8-ന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ളക്കുട്ടി ജനിച്ചു.  തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമത്തില്‍ ബിരുദം നേടി.കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫെെസിയും ഹജ്ജ് കമ്മിറ്റിയില്‍ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *