അച്യുതമേനോൻ പ്രഥമ ഉത്തരവാദി:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടിയന്തിരാവസ്ഥ കാലത്തെ അതിക്രമങ്ങളുടെ പ്രഥമ ഉത്തരവാദി അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോനാണ്
അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഈയിടെ പലരും അച്യുതമേനോനെ മഹത്വവൽക്കരിക്കുകയും കരുണാകരനെ കൊലയാളിയായി ചിത്രീകരിക്കുകയും ചെയ്യുന്നത് ചരിത്ര നിഷേധമാണ്.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ കോൺഗ്രസ് മുന്നണി 110 സീറ്റ് നേടി ചരിത്രം വിജയം നേടിയത് അച്യുതമേനോൻ്റെ മികവാണെങ്കിൽ കോട്ടങ്ങളുടെ ഉത്തവാദിത്വവും അദ്ദേഹത്തിനു തന്നെയാണ്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഉടനെ മുഖ്യമന്ത്രി അച്യുതമേനോൻ്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചത് . സി.പി.ഐ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻ നായരും ടി.വി.തോമസും അതിനെ എതിർത്തില്ല.
പോലീസ് ഉദ്യോഗസ്ഥന്മാരുടെയും ജില്ലാ കളക്ടർമാരുടെയും സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് അച്യുതമേനോൻ ആവശ്യപ്പെട്ടത്.
മലയോരങ്ങളിൽ താവളമടിച്ച നക്സലൈറ്റുകളെ അമർച്ച ചെയ്യാൻ ഡി.ഐ.ജി ജയറാം പടിക്കലിനെ ചുമതലപ്പെടുത്തിയത് അച്യുതമേനോൻ്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗമാണ്.
ആയിടെ മൂഴിയാറിൽ ഒരു ബോംബു സ്ഫോടനമുണ്ടായി. അവിടെ നിന്നും 650 കിലോഗ്രാം ഡൈനാമിറ്റും പൊട്ടിക്കാനുള്ള ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. നക്സലൈറ്റുകൾ പലയിടത്തും അട്ടിമറിശ്രമം ആരംഭിച്ചിരുന്നു.
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പി.രാജൻ മരിച്ച കാര്യം ജയറാം പടിക്കൽ ഒരിക്കലും കരുണാകരനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് കരുണാകരന് കോടതിയിൽ തെറ്റായ സത്യവാങ്മൂലം കൊടുക്കേണ്ടി വന്നത്.
രാജൻ്റെ പിതാവ് പ്രൊഫ ഈച്ചരവാര്യർ മുഖ്യമന്ത്രി അച്യുതമേനോനെ
കണ്ടപ്പോൾ, “നിങ്ങളുടെ മകനെ അന്വേഷിച്ച് ഉടുപ്പിട്ടു കൊണ്ട് എല്ലാ പോലീസ് സ്റ്റേഷനിലും കയറിയിറങ്ങണോ” എന്നാണ് അദ്ദേഹം ചോദിച്ചത്.
ഈച്ചര വാര്യരുടെ അനുജൻ മാധവവാര്യരോട് , രാജൻ ഒളിവിൽ ആണെന്ന അർത്ഥത്തിൽ “യു ജി” എന്നാണ് അച്യുതമേനോൻ പറഞ്ഞത്. യു.ജി എന്നാൽ അണ്ടർ ഗ്രൗണ്ട് ആണോ അണ്ടർ ദ ഗ്രൗണ്ട് ആണോ എന്ന് മാധവവാര്യർ ചോദിച്ചത് മേനോന് രസിച്ചില്ല.