സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ്

കൊച്ചി: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ മന്ത്രി സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് സാന്ദ്ര രംഗത്തെത്തിയത്.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം സർക്കാർ പുറത്താക്കുകയോ ചെയ്യണമെന്നും ഇങ്ങനെയൊരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവയ്‌ക്കണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ്. സാംസ്‌കാരിക മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം. ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുക

Leave a Reply

Your email address will not be published. Required fields are marked *