രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന; നാളെ മോദിക്കൊപ്പം തിരഞ്ഞെടുപ്പ് വേദി പങ്കിടും

തിരുവനന്തപുരം : മലയാളികളുടെ ഇഷ്ട നായിക ശോഭനയുടെ പിന്തുണ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്. ഇന്ന് സ്ഥാനാര്‍ത്ഥിക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചാണ് ശോഭന നിലപാട് പ്രഖ്യാപിച്ചത്. വൈകുന്നേരം നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിപര്യടനത്തിലും ശോഭന പങ്കെടുക്കും. എന്നാല്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത് സംബന്ധിച്ച് വിശദീകരണത്തിന് നടി തയാറായിട്ടില്ല. പ്രസംഗിക്കാന്‍ മലയാളം പഠിച്ച ശേഷം ഇക്കാര്യം പറയാമെന്നായിരുന്നു മറുപടി.

നാളെ നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലും ശോഭന പങ്കെടുക്കുന്നുണ്ട്. വി.മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത പൊതുയോഗമാണ് നാളെ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതോടെ താരത്തിന്റെ രാഷ്ട്രീയ നിലപാടില്‍ വ്യക്തത വരികയാണ്.

തൃശൂരില്‍ നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സമ്മേളനത്തിലും ശോഭന പങ്കെടുത്തിരുന്നു. അന്ന് മുതല്‍ ശോഭനയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ശോഭന മത്സരിക്കുമെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ അതിനൊടൊന്നും പ്രതികരിക്കാതിരുന്ന ശോഭന ഇപ്പോള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് വേദിയില്‍ തന്നെ പ്രത്യക്ഷപ്പെടുന്നത്.

തെന്നിന്ത്യന്‍ ഭാഷകളിലെ ജനപ്രിയ നായികയാണ് ശോഭന. ഇപ്പോള്‍ സജീവമായി സിനിമ മേഖലയില്ലെങ്കിലും ക്ലാസിക്കല്‍ ഡാന്‍സുമായി വേദികളില്‍ സജീവമാണ്. ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ലളിത, പത്മിനി, രാഗിണി എന്നിവരുടെ കുടുംബത്തില്‍ നിന്നും ബാലതാരമായ ശോഭന സിനിമയിലെത്തിയത്. വിവിധ ഭാഷകളിലായി 230 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ഫിലിം അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *