ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നുമുതൽ

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന യാത്രാനിരക്കുകളുമായി വിമാനക്കമ്പനികള്‍. മൂന്നുമുതല്‍ അഞ്ചിരട്ടിവരെയാണ് ടിക്കറ്റ് നിരക്കിലെ വര്‍ധന. നിരക്ക് വര്‍ധന ശനിയാഴ്ചമുതല്‍ നിലവില്‍വരും. പെരുന്നാളിന് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്കിലെ വര്‍ധന.
പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് മെയ് ആദ്യവാരംമുതല്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കും. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കരിപ്പൂരിലേക്ക് 8000 രൂപയായിരുന്നത് 40,000 വരെയാക്കിയാണ് വര്‍ധിപ്പിച്ചത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ നിരക്കിലും വര്‍ധനയുണ്ട്. എല്ലാ വിമാന കമ്പനികളും നിരക്ക് കുത്തനെകൂട്ടി. സൗദി സര്‍വീസില്‍ മൂന്നിരട്ടിയാണ് വര്‍ധന. 12,000ത്തിനും 15,000ത്തിനും ഇടയിലായിരുന്നത് 38,000 വരെയാക്കി. ഖത്തര്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍നിന്ന് 9000 രൂപയായിരുന്നത് 39,000 മുതല്‍ 41,000 വരെയാക്കി. പെരുന്നാള്‍ പ്രമാണിച്ച് ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളാണ് കേരളത്തിലെത്തുന്നത്.