ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

മൂന്നാർ: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്ന് പുലർച്ചെയാണ് സിങ്കുകണ്ടത്തെ വീടിന് നേരെ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ച് തകർക്കാൻ ശ്രമിച്ചത്. ആളപായം ഉണ്ടായിട്ടില്ല.

പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിംഗും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു.

ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ അവസ്ഥയാണ് പ്രദേശത്ത് തുടരുന്നതെന്ന് മനോജ് പറഞ്ഞു. ചക്കക്കൊമ്പൻ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ചക്കക്കൊമ്പൻ പുലര്‍ച്ചെ നടത്തിയ പരാക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *