വീണ്ടും ഇടുക്കിയിൽ കാട്ടാന ആക്രമണം

ഇടുക്കി: വീണ്ടും ഇടുക്കിയിൽ കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്നയാളുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് വീട് തകർത്തതെന്ന് ആദിവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസവും ചക്കക്കൊമ്പൻ പന്നിയാറിലെ റേഷൻ കട തകർത്തിരുന്നു. പന്നിയാർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചുണ്ടൽ സ്വദേശി ആന്റണിയുടെ റേഷൻ കടയായിരുന്നു ചക്കക്കൊമ്പൻ തകർത്തത്. കുപ്രസിദ്ധനായ അരിക്കൊമ്പൻ സ്ഥിരമായി ഈ റേഷൻ കട തകർത്താണ് അരിയും പഞ്ചസാരയും ഭക്ഷിച്ചിരുന്നത്.അരിക്കൊമ്പനെ നാടുകടത്തിയ ശേഷം ഈ കെട്ടിടം പുനർനിർമ്മിച്ച് സുരക്ഷിതത്തിനായി ഫെൻസിംഗും സ്ഥാപിച്ചിരുന്നു.

എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് ഫെൻസിംഗ് തകർത്താണ് പുതുക്കി നിർമ്മിച്ച റേഷൻ കട ചക്കക്കൊമ്പൻ ആക്രമിച്ചത്. കെട്ടിടത്തിന്റെ ഭിത്തി പൊളിച്ചടുക്കിയ ശേഷം അരിച്ചാക്കുകൾ പുറത്തേക്കെടുത്തിടുകയും ഇതിൽ കുറെ അരിഭക്ഷിക്കുകയും ചെയ്തു. ചിന്നക്കനാൽ, 301 കോളനി, സിങ്കു കണ്ടം, ആനയിറങ്കൽ, പന്നിയാർ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം തുടർക്കഥയാകുന്നത് ആശങ്കയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *