നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി

കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥലത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടുങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി. 

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽ നിന്ന് കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എക്സവേറ്റർ ഉപയോ​ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു​. ജൂലൈ 8ന് ആണ് അർജുൻ ലോറിയിൽ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *