ആശ്വാസകിരണത്തിലെ കുടിശിക ഉടന്‍;ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നിന് തടസമില്ല

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കുള്ള കുടിശിക അധികധനാഭ്യര്‍ത്ഥയില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ നല്‍കിതീര്‍ക്കുമെന്ന് മന്ത്രി ഡോ: ആര്‍. ബിന്ദു നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 600 രൂപ വച്ചാണ് ഇവര്‍ക്ക് നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ വലിയ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ ബജറ്റില്‍ വകയിരുത്തുന്ന തുക മതിയാകാതെ വരികയാണെന്നുംഅവര്‍ വിശദീകരിച്ചു. നജീബ് കാന്തപുരത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
23,803 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതോടെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു. അപ്പോള്‍ ആനുകൂല്യം നല്‍കാന്‍ ബജറ്റ് വിഹിതം തികയാതായി. നിലവില്‍ ഇടുക്കി, വയനാട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളില്‍ 2020 സെപ്റ്റംബര്‍ വരെയുള്ള വിഹിതം അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ടുജില്ലകളില്‍ ഓഗസ്റ്റ് വരെയുള്ളതും. നല്‍കിയിട്ടുണ്ട്. നിലവില്‍ 66,288 പേരുടെ അപേക്ഷ പരിശോധിച്ച് അര്‍ഹരെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹീമോഫീലിയ രോഗികള്‍ക്കുള്ള സാമൂഹികസുരക്ഷാപദ്ധതിയുടെ പ്രതിമാസസഹായം ഈ ഫെബ്രുവരിവരെ നല്‍കിയിട്ടുണ്ട്. ഇതിന്റെ ചികിത്സാസഹായങ്ങള്‍ ചെയ്യുന്നത് ആരോഗ്യവകുപ്പാണ്. സംസ്ഥാനത്തെ 72 ആശുപത്രികള്‍ വഴി ഈ രോഗത്തിനുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. 24 മണിക്കൂറും മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു