തൃശൂർ: എല്ലാവരും തങ്ങള്‍ക്ക് അടിമപ്പെട്ടവരായി പ്രവര്‍ത്തിക്കണമെന്നാണ് എസ്എഫ്ഐയുടെ നിലപാടെന്നും, അതിന് വഴങ്ങാത്തതിന്റെ പേരിലാണ് തന്നോട് അവര്‍ ക്രൂരത കാട്ടിയതെന്നും ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. ടി എന്‍ സരസു പറഞ്ഞു. 2016-ല്‍ വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന തന്നോട് എസ്എഫ്ഐക്കാര്‍ ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. എസ്എഫ്ഐയുടെ ക്രൂരതകള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാക്കും. 2016-ല്‍ വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ കുഴിമാടം തീര്‍ത്തിരുന്നു. വിക്ടോറിയ കോളേജിലെ സംഭവത്തിന് മുമ്പ് താന്‍ ഇടത് അനുഭാവി ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.
തന്നെ ദ്രോഹിക്കുമ്പോള്‍ എസ്എഫ്ഐക്ക് ഇടതുപക്ഷ അധ്യാപക സംഘടനകളും പിന്തുണ നല്‍കിയിരുന്നു. അവരുടെ താല്പര്യങ്ങള് നടപ്പാക്കാന്‍ തയ്യാറാകാത്തതാണ് തന്നോടുള്ള എതിര്‍പ്പിന് കാരണം. താന്‍ 25 വര്‍ഷം വിക്ടോറിയ കോളേജില്‍ അധ്യാപികയായിരുന്നു. 22 വര്‍ഷം എന്‍സിസി ഓഫീസറായിരുന്നു. എസ്എഫ്ഐയുടെ പേടിപ്പിക്കലും ഭയപ്പെടുത്തലും ഭീഷണിയും ഒന്നും തന്റെ അടുക്കല്‍ വിലപ്പോയില്ല. എത്ര കുടുംബങ്ങളാണ് എസ്എഫ്ഐയുടെ ക്രൂരതയില്‍ തകര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തന്റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരില്‍ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ഡോ. ടി എന്‍ സരസു പറഞ്ഞു.