കിഫ്ബിയിൽ വൻ ക്രമക്കേടെന്ന് ആരോപണം; ധനവകുപ്പിനെ മറികടന്ന് നടപടിയെന്ന് പരാതി, അന്വേഷണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉത്തരവ്!

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൗരവതലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്ഗ്ധ സമിതിയുടെ അവലോകന റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ നിർദ്ദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ്സിന്റെ വ്യക്തമായ ലംഘനമാണ്. ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് പല തീരുമാനങ്ങളും കൈക്കൊണ്ടതെന്നും, പദ്ധതികളിൽ പകുതിയിലധികവും ഏതാനും ചില ജില്ലകളിൽ മാത്രം കേന്ദ്രീകരിച്ചാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾ നടന്നതായും, അതിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ 1000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തപ്പോൾ, പ്രാധാന്യമർഹിക്കുന്ന തിരുവനന്തപുരത്തെ വിഴിഞ്ഞം പദ്ധതിക്കായി ആവശ്യത്തിന് ഭൂമി ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വായ്പാ ബാധ്യതകൾ പെരുകുമ്പോഴും നിക്ഷേപങ്ങൾ നടത്തിയതിലും, കണക്കുകളിൽ കാണിച്ചതിനേക്കാൾ പത്തിരട്ടിയോളം തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതിലും വലിയ അപാകതകളുണ്ട്. കിഫ്ബി പൂർണ്ണമായി അവസാനിപ്പിക്കാനല്ല, മറിച്ച് വ്യവസ്ഥാപിതമായി പുനഃസംഘടിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.