പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള കേസ് രാഷ്ട്രീയ വേട്ടയാടൽ; ഇ.ഡിയെ രൂക്ഷമായി വിമർശിച്ച് പി. രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനുമെതിരെയുള്ള കേസ് കേവലം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പി. രാജീവ്. യാതൊരുവിധ തെളിവുകളുമില്ലാത്ത കേസിൽ സിപിഐഎമ്മിനെയും ഇടതുപക്ഷ മുന്നണിയെയും രാഷ്ട്രീയമായി ദുർബലപ്പെടുത്താനും വേട്ടയാടാനുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും കാലം അന്വേഷണം നടത്തിയിട്ടും കേസിൽ എന്തെങ്കിലും കണ്ടെത്തുന്നതിൽ ഇ.ഡി പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങൾക്ക് മുൻപ് തന്നെ ബന്ധപ്പെട്ടവർ നിഷേധിച്ച ആരുടെയോ രണ്ട് മൊഴികളുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ അല്ലാതെ യാതൊരു തെളിവുമില്ലെന്ന് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ തന്നെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഇ.ഡിക്ക് മുന്നോട്ടുപോകണമെങ്കിൽ സംസ്ഥാനത്തിന്റെ ഒരു എഫ്ഐആർ അത്യാവശ്യമാണ്. കോടതി വിധിയെപ്പോലും ദുരുപയോഗം ചെയ്ത് അത്തരമൊരു സമീപനം സ്വീകരിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇ.ഡിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇടുന്നത് നിർബന്ധമാക്കുന്ന കീഴ്‌വഴക്കം നിലവിൽ വന്നാൽ അത് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനും നേതാക്കളെ വ്യാജകേസുകളിൽ കുടുക്കാനും ഉപയോഗിക്കപ്പെടുന്ന അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

https://www.facebook.com/share/r/1Dmp2hsgw3/