ഭാരത് ജോ‌ഡോ ന്യായ് യാത്രയ്ക്ക് ഇംഫാലിൽ തുടക്കം

ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‌ഡോ ന്യായ് യാത്രയ്ക്ക് തുടക്കം. തൗബാലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ന്യൂ‌ഡൽഹിയിൽ നിന്നും പ്രത്യേക ഇൻഡിഗോ വിമാനത്തിലെത്തിയ രാഹുൽ ഗാന്ധിയും നേതാക്കളും തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്.

66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ ഗാന്ധി യാത്ര നടത്തുക. സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്, ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി തുടങ്ങിയ ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തി.രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സിംഗ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്റെ പ്രധാന നേതാക്കൾ യാത്രയിൽ അണിനിരക്കുന്നുണ്ട്. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *