മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം; 11 തൊഴിലാളികൾ കടലിൽ വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് ഒരു മത്സ്യബന്ധന വള്ളത്തിലെ 11 പേർ കടലിലേക്ക് വീണത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചയോടെ കടലിൽ മറിയുകയായിരുന്നു.
വള്ളത്തിലെ വലകൾ കടലിലേക്ക് വീണു. തുടർന്ന് ഇതെടുക്കാൻ ശ്രമിക്കവെ വള്ളത്തിലുണ്ടായിരുന്ന 11 പേരും കടലിൽ വീഴുകയായിരുന്നു. ഒരാളെ ഉടനെ രക്ഷിച്ച് ആശുപത്രിയിലാക്കി. മറ്റുള്ളവരെയും പിന്നാലെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. 11 പേരുടെയും നില തൃപ്‌തികരമാണെന്നാണ് വിവരം.