കൊല്ലം: സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗുരുതരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കോണ്‍ഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്എന്‍സി ലാവ്ലിന് അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണല്‍ വിറ്റ് പണം കൈതോലപ്പായയില്‍ കൊണ്ടു പോയ ആളാണ് മുഖ്യമന്ത്രി. ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ല. മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണം. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കും. സിപിഎമ്മും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് കെ പി സി സി 15 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷത്തിനെതിരെ ബി ജെ പി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ പണം വേണ്ടെന്ന് അജീഷിന്റെ കുടുംബം പറഞ്ഞു. അതിനാലാണ് കെപിസിസി പണം നല്കാന് തീരുമാനിച്ചത്