ലോക്സഭാ തിരഞ്ഞെടുപ്പു രംഗം ഉണരുന്നു. സിപിഐ 4 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പു രംഗം ഉണരുന്നു. സിപിഐ 4 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സിപിഎം സ്ഥാനാര്‍ഥികളെക്കൂടി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ എല്‍ഡിഎഫ് പട്ടിക പൂര്‍ണമാകും. കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്നു കൊല്ലത്തു ചേരാനിരിക്കെ, കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ.സുധാകരന് കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയേറി. ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പരിഗണിക്കുന്നു. തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില സിറ്റിങ് എംപിമാര്‍ക്കു മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കണ്ണൂരില്‍നിന്നു പിന്‍വാങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്ന സുധാകരന് ഇപ്പോള്‍ മത്സരസന്നദ്ധനായെങ്കിലും കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണ്ടിവരും. ലഭിച്ചാല്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല മറ്റൊരാളെ ഏല്പിച്ചേക്കാം.
തെലങ്കാനയുടെ ചുമതലയുമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്ഷിക്ക് അവിടെ അടിയന്തരമായി ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ സ്ക്രീനിങ് കമ്മിറ്റി യോഗം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കാനും സാധ്യതയുണ്ട്. മുസ്ലിം ലീഗ് ഇന്നു നടത്താനിരുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനം നാളത്തേക്കു മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തു നടത്തുന്ന റാലിയില്‍ ബിജെപിയുടെ 10 സ്ഥാനാര്‍ഥികളെ അവതരിപ്പിക്കാനിരുന്നതു മാറ്റിവച്ചു. ഇന്നലെ ചേരേണ്ടിയിരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം 29ലേക്കു മാറ്റിയതാണു കാരണം