ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട’; വോട്ട് ചോദിച്ചെത്തിയ ഷാഫിക്ക് മുന്നിൽ ഇടതുപ്രവർത്തകരുടെ മുദ്രാവാക്യം

കുറ്റ്യാടി: വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് വേണ്ടിയുള്ള അണികളുടെ മുദ്രാവാക്യം വിളി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മരുതോങ്കരയിൽ വോട്ടുചോദിക്കാനെത്തിയപ്പോഴായിരുന്നു ശൈലജയെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യം.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചായിരുന്നു ഷാഫി പറമ്പിൽ സ്ഥലത്തെത്തിയത്. അദ്ദേഹത്തെ കണ്ടതും നീല ഷർട്ടും കറുപ്പ് മുണ്ടും ധരിച്ച ഒരുകൂട്ടമാളുകൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ‘ചെമ്പടയിത് ചെമ്പട. മരുതോങ്കരയിലെ ചെമ്പട. ഇ എം എസിൻ ചെമ്പട. ശൈലജ ടീച്ചറുടെ ചെമ്പട. ചെമ്പടയിത് ചെമ്പട.’- എന്ന മുദ്രാവാക്യമാണ് യുവാക്കൾ വിളിക്കുന്നത്. ഇവർക്കിടയിലൂടെ കൂളായി നടന്നുപോകുന്ന ഷാഫി പറമ്പിലിനെയും കാണാം.

നേരത്തെ മുൻ മന്ത്രി തോമസ് ഐസക്കിനെക്കുറിച്ചുള്ള പ്രചാരണ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘അമ്മേ നമ്മുടെ ഐസക്ക് മാമന് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എല്ലാ വോട്ടും നൽകി ജയിപ്പിക്കാൻ ഒന്നിച്ചുനമ്മൾക്ക് ഇറങ്ങേണ്ടേ’-തുടങ്ങി നിരവധി പാട്ടുകൾ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *