ഞാന്‍ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: എഴുപതുകളില്‍ കെ.എസ്.യു നേതാവായിരുന്നപ്പോള്‍ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയില്‍ നിന്നും എസ്.എഫ്.ഐക്കാര്‍ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടര്‍ന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം തന്നെ ഒഴിവാക്കേണ്ടി വന്നത്.
വര്‍ഷങ്ങളിലെ തുടര്‍ച്ചയായ അലോപ്പതി, ആയൂര്‍വേദ, അക്യൂപക്ചര്‍ ചികിത്സ കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. വര്‍ഷങ്ങളായി വേഗത്തില്‍ നടക്കാനോ ചവിട്ടുപടികള്‍ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തില്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലര്‍ത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാര്‍ത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോള്‍ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓര്‍മ്മിച്ചെന്നുമാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *