കേരളയിൽ സംഘർഷം; കേരളസർവ്വകലാശാല ആസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ പോലെ കേരളസർവ്വകലാശാല ആസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം. എഐഎസ്എഫ് അകത്തും ഡിവൈഎഫ്ഐ പുറത്തുമായിട്ടാണ് സംഘർഷം. സർവ്വകലാശാലയ്ക്കുള്ളിൽ സംഘടിച്ചിരുന്ന എഐഎസ്എഫ് പ്രവർത്തകർ കവാടത്തിനടുത്തേക്ക് മുദ്രാവാക്യവും മുഴക്കി എത്തുകയായിരുന്നു.
അതേസമയം ഗേറ്റിന് പുറത്ത് ഡിവൈഎഫ്ഐയുടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇരുവിഭാഗങ്ങളും പൊലീസിനെ മറികടന്ന് സർവ്വകലാശാലയ്ക്കുള്ളിൽ കടക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പ്രവർത്തകർക്കു നേരെ പ്രതിരോധം തീർത്ത് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
പ്രവർത്തകരെ നീക്കം ചെയ്യുന്നതിനിടെ വലിയ രീതിയിലുള്ള സംഘർഷമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് സന്നാഹം ആസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. രണ്ടു വാഹനങ്ങളിലായി മുഴുവൻ പ്രവർത്തകരേയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. രാവിലെ 11 മണിയോടെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സർവ്വകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു.
അദ്ദേഹം ഓഫീസിൽ പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. താൽക്കാലിക വിസി സി. രജിസ്ട്രാറായി നിയമിച്ച മിനി കാപ്പൻ ഇതുവരെ ചുമതലയേറ്റിട്ടില്ല. മിനിയും യൂണിവേഴ്സിറ്റിക്കുള്ളിലാണ്. ഇന്ന് തന്നെ ഇവർ ചുമതലയേൽക്കുമോയെന്ന കാര്യം സംശയമാണ്.ഈ സമയത്താണ് എ.ഐ.എസ്.എഫ് പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തിയത്. കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധവുമായി സർവകലാശാലയിലെത്തി. ബാരിക്കേഡിട് തകർത്ത് അകത്തുകടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് അക്രമാസക്തരായ പ്രവർത്തകർ പൊലീസിനെയും പൊലീസ് വാഹനങ്ങളെയും ആക്രമിച്ചു. നിലവിൽ ഗേറ്റിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി ഗവർണറുടെ വസതിയിലേക്ക് പോയിട്ടുണ്ടെന്നാൈണ് റിപ്പോർട്ട്.