ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം ;മൂന്ന്പേർ പിടിയില്‍

കൊല്ലം: പാരിപ്പള്ളിയില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കയ്യേറ്റം ചെയ്തത്. ഞായറാഴ്ച വൈകീട്ട് പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചത് ചോദ്യം ചെയ്തതാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
സംഭവത്തില്‍, പരവൂര്‍ പൂതക്കുളം എ എന്‍ നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പരിക്കേറ്റ് അവശനിലയിലായ ജയചന്ദ്രനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റോഡില്‍ ഉണ്ടായ ബഹളംകേട്ട്, സമീപത്തെ പ്രദേശവാസികള്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി സമീപത്തെ വീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും, അക്രമികള്‍ വീണ്ടും എത്തി മര്‍ദ്ദിച്ചു. പിന്നീട്, ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്പെക്ടര്‍ അനുരൂപ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *