നടിയെ ആക്രമിച്ച സംഭവം : സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവം:സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിൻ്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ദിലീപിന്‍റെ ഫോണ്‍രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും .
ഇതിന്‍റെ ഭാഗമായി സായി ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. കൊച്ചിയിലെ വീട്ടില്‍ സൈബര്‍ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്ന് സൂചന. ദിലീപ് അറിയാതെയാണ് ഇയാള്‍ വിവരങ്ങള്‍ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഫോണുകളില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്‍റെ വാദം.
കൂടാതെ തന്‍റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നല്‍കാന്‍ അഭിഭാഷകര്‍ സ്വാധീനിച്ചിരുന്നുവെന്ന ദാസന്‍റെ മൊഴിയും തെറ്റാണെന്ന് ദിലീപ് പറയുന്നു.
എന്നാല്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഫോണുകളിലെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മെയില്‍വഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗണ്‍സില്‍ മറുപടി നല്‍കിയത്.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകള്‍ എന്ന് പ്രോസിക്യൂഷന്‍ പറയുന്ന വാദങ്ങള്‍ നടിയും ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഫോണ്‍ സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമന്‍പിള്ളയുടെ ഓഫീസില്‍വെച്ച് സൈബര്‍ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍വെച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും നടി പറയുന്നു.
കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത് എന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നുമാണ് നടിയുടെ ആവശ്യം.