അൻവറിന്റെ മറുപടി രാഷ്ട്രീയമല്ലെന്ന് വിമർശനം; “തല പകുതി മൊട്ടയടിച്ച് നടക്കാൻ ധൈര്യം കാണിക്കണം”

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് കിഡ്‌സൺ കോർണർ മുതൽ മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന പിവി അൻവറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ ‘മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ’ രംഗത്തെത്തി. അൻവറിന്റേത് രാഷ്ട്രീയപരമായ ഒരു മറുപടിയല്ലെന്നും, മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നതിനോട് തങ്ങൾ യോജിക്കുന്നില്ലെന്നും സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി

തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ഫ്രീക്ക് ലുക്കാണെന്നും യഥാർത്ഥത്തിൽ പകുതി മൊട്ടയടിച്ച രൂപത്തിൽ നടക്കാനാണ് അൻവർ ധൈര്യം കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലധികം അംഗങ്ങൾ തങ്ങളുടെ സംഘടനയിലുണ്ട്.

കർഷകർ മുതൽ പൈലറ്റുമാർ വരെയുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സംഘടനയിലെ അംഗങ്ങൾ തല മൊട്ടയടിക്കുന്നതിനെ ഒരു അഭിമാനമായാണ് കാണുന്നത്. മാളുകളിലും ബസ്സുകളിലും റോഡുകളിലും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്നവരെ കാണാനാകുമെന്നും സജീഷ് കുട്ടനെല്ലൂർ കൂട്ടിച്ചേർത്തു.

ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിച്ച പി എ മുഹമ്മദ് റിയാസ് തോറ്റാൽ മൊട്ടയടിക്കാൻ തയ്യാറുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചിരുന്നു. കമ്മലിടണമെന്നില്ലെന്നും മൊട്ടയടിച്ചാല്‍ മതിയെന്നുമായിരുന്നു അൻവറിന്റെ വെല്ലുവിളി.