കല്പറ്റ : വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെയും ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യാ കുറിപ്പിനൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുക. എന്നാൽ ആർക്കൊക്കെ എതിരെയാകും കുറ്റം ചുമത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നിലവിൽ കെ.പി.സി.സി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എൻ,ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ, കെ.എൽ. പൗലോസ് തുടങ്ങിിയവരുടെ പേരുകളുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോഴാകും ആർക്കൊക്കെ എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ അന്തിമ തീരുമാനം ആകുക. എന്നാണ് സൂചന.അതേസമയം മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നീതികേട് കാണിച്ചെന്ന കുടുംബത്തിന്റെ പരാതിക്ക് അയവ് വന്നു. കെ.പി.സി.സി നേതൃത്വം നിയോഗിച്ച അന്വേഷണ സമിതി ഇന്ന് മണിച്ചിറയിലെ വിജയന്റെ വീട്ടിലെത്തി മകൻ വിജേഷിനെയും ഭാര്യ പത്മജയേയും കണ്ട് സംസാരിച്ചതോടെയാണിത്.
വിജയന്റെ എല്ലാ കാര്യങ്ങളും പാർട്ടി നോക്കുമെന്നും പരിഹാരം കാണുമെന്നും നേതൃത്വം ഉറപ്പു നൽകി. മകൻ വിജേഷും ഭാര്യ പത്മജയും മക്കളും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നേതാക്കൾ വീട്ടിനകത്ത് കയറിയപ്പോൾ അച്ഛൻ മരിച്ച് ഇത്ര ദിവസമായിട്ടും തിരിഞ്ഞ് നോക്കാതിരുന്ന നേതാക്കളോടുള്ള അപ്രിയം ഇവരുടെ മുഖത്തുണ്ടായിരുന്നു. വിനയത്തോടെ നേതാക്കൾ മകനോട് കാര്യങ്ങൾ ചോദിച്ച നേതാക്കൾ, എല്ലാത്തിനും പരിഹാരം കാണാമെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായത്. മാദ്ധ്യമ പ്രവർത്തകരെപുറത്താക്കിയാണ് നേതാക്കൾ വീട്ടുകാരുമായി സംസാരിച്ചത്.