ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസ്; 43 ലക്ഷം രൂപയിലേറെ തട്ടിയെന്ന് പരാതി

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി.

പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ പറഞ്ഞു.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്. വരാപ്പുഴ വലിയപറമ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിന് 2018ല്‍ കേരളത്തിലെത്തുകയായിരുന്നു. രണ്ടാം പ്രതിയായ സുഹൃത്തു വഴിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടത്. എറണാകുളം എംജി റോഡില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കുയും 10000 രൂപ കൈപ്പറ്റുകയും ചെയതു. തുടര്‍ന്ന് പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറിയെന്നും പരാതിക്കാരന്‍ പറയുന്നു. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *