വളരെ വിചിത്രമായ ഒരു സംഭവമാണ് കാസർഗോഡുള്ള ഒരു സ്കൂളിൽ നടന്നിരിക്കുന്നത്. ഒരു പരീക്ഷ എഴുതാനായി സ്കൂളിലെത്തിയ യുവതിയുടെ ഹാൾ ടിക്കറ്റും കൊണ്ട് ഒരു പരുന്ത് പറന്നുപോയി. ഒടുവിൽ ഹാൾ ടിക്കറ്റ് കിട്ടാനായി പെടാപ്പാട് തന്നെ വേണ്ടി വന്നു. കാസർഗോഡുള്ള ഒരു ഗവൺമെന്റ് യുപി സ്കൂളിലാണ് സംഭവം നടന്നത്. വകുപ്പുതല പ്രമോഷനുള്ള ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതാൻ എത്തിയ നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ ഹാൾ ടിക്കറ്റാണ് പരുന്ത് റാഞ്ചിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാവിലെ 7.30 -നുള്ള പരീക്ഷ ആരംഭിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. ഏകദേശം 300 പേരാണ് ഇവിടെ പരീക്ഷ എഴുതാൻവേണ്ടി എത്തിയിരുന്നത്. അതിനിടയിലാണ് അശ്വതിക്ക് ഈ അനുഭവമുണ്ടായത്. ഒരു പരുന്ത് താണ് പറന്നു വന്ന് അവരുടെ കയ്യിൽ നിന്നും ഹാൾ ടിക്കറ്റുമെടുത്ത് പറന്നുപോയി. യുവതി തന്റെ ബാഗ് സ്ട്രോങ്റൂമിൽ വച്ച് പുറത്തിറങ്ങിയപ്പോഴാണത്രെ കയ്യിലിരുന്ന ഹാൾടിക്കറ്റ് പരുന്ത് കൊണ്ടുപോയത്. പിന്നീട് പരുന്ത് അതുകൊണ്ട് മുകളിലുള്ള ഒരുജനൽപ്പാളിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചു.
പരീക്ഷ 7.30 മുതൽ 9.30 വരെ ആയിരുന്നു. ഹാൾ ടിക്കറ്റില്ലാതെ എങ്ങനെ പരീക്ഷ എഴുതും. അശ്വതിയും കൂടെ ഉണ്ടായിരുന്നവരും എങ്ങനെയെങ്കിലും പരുന്തിന്റെ കയ്യിൽ നിന്നും ഹാൾ ടിക്കറ്റ് തിരികെ വാങ്ങാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ, പരുന്ത് അത് താഴേക്കിടാൻ തയ്യാറായിരുന്നില്ല. ഒടുവിൽ മടങ്ങിപ്പോകാമെന്ന് തന്നെ ഉറപ്പിക്കുന്ന സമയത്ത് യുവതിക്ക് ഹാൾ ടിക്കറ്റ് കിട്ടുകയായിരുന്നു. അവർ പരീക്ഷ എഴുതിയെന്നും റിപ്പോർട്ടുകൾ പറയുന്നു.