മസാലബോണ്ട്‌ കേസില്‍ വീണ്ടും ഇഡിക്ക് തിരിച്ചടി; ഐസക്കിനെ ചോദ്യം ചെയ്യണം എന്ന ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ ബെഞ്ച് ജ‍ഡ്ജി ടി.ആർ.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞെന്ന് ഇഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി കേസ്. ഇക്കാര്യത്തിൽ ചില വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്നു കൂടെ എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച്‌ സമീപനം. താൻ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *